District News
അറക്കുളം: മൂലമറ്റം വൈദ്യുതി നിലയം ഉള്പ്പെടെയുള്ള പ്രോജക്ട് പ്രദേശത്തേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്തിരുന്ന ബോര്ഡിന് പുത്തന് രൂപവും ഭാവവും. കേരളത്തിന്റെ കെടാവിളക്കായ മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വിധത്തിലുള്ള വെല്ക്കം ബോര്ഡാണ് പുതിയതായി 12-ാംമൈലിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
ബോര്ഡ് വാഹനമിടിച്ച് തകര്ന്നതിനെത്തുടര്ന്നു വൈദ്യുതി ബോര്ഡ് ഇത് എടുത്തുമാറ്റിയിട്ട് വര്ഷങ്ങള് കഴിഞ്ഞിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും നാട്ടുകാരും നല്കിയ നിവേദനങ്ങളെത്തുടര്ന്നാണ് ബോര്ഡ് പുനഃസ്ഥാപിക്കാന് വൈദ്യുതി ബോര്ഡ് തീരുമാനിച്ചത്.
പഴയ അളവില് ബോര്ഡ് പുനഃസ്ഥാപിച്ചാല് റോഡിനോടു ചേര്ന്ന് വരുമെന്നും അതു വീണ്ടും അപകടം വിളിച്ചുവരുത്തുമെന്നുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്ട്ട് കൂടി പരിഗണിച്ചാണ് ബോര്ഡ് പുനഃസ്ഥാപിക്കാന് വൈദ്യുതി ബോര്ഡ് തീരുമാനിച്ചത്.
റോഡിന് വീതി കുറവായിരുന്ന 1970കളില് സ്ഥാപിച്ച ബോര്ഡ് ഇപ്പോള് വീതി കൂടിയതിനാല് പഴയ അളവില് സ്ഥാപിച്ചാല് അപകടം ഉണ്ടാകുമെന്നും വീതികൂട്ടി നിര്മിച്ചാല് കൂടുതല് ഫണ്ട് വേണ്ടിവരുമെന്ന വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ റിപ്പോര്ട്ടും വന്നതോടെയാണ് ബോര്ഡ് പുനഃസ്ഥാപിക്കലിന് കാലതാമസമുണ്ടായത്. വെല്ക്കം ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ആന് ഇന്ത്യ -കാനഡ പ്രോജക്ട് എന്ന് എഴുതിയിരുന്ന കൂറ്റന് ബോര്ഡായിരുന്നു നേരത്തേ റോഡിനു കുറുകെ സ്ഥാപിച്ചിരുന്നത്.
പഴയ തലമുറയ്ക്ക് ഏറെ ഓര്മകള് സമ്മാനിച്ചിരുന്ന ബോര്ഡ് വീണ്ടും വരുമ്പോള് പഴമക്കാര് ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ്. റോഡിനു മുകളില് ഉയര്ന്നുനില്ക്കുന്ന രീതിയിലാണ് ബോര്ഡ് പുനക്രമീകരിച്ചിരിക്കുന്നത്.
Leader Page
മനുഷ്യന്റെ ഓർമകൾക്കും ഇന്നത്തെ അതിവേഗത്തിലുള്ള ജീവിതത്തിനും തമ്മിൽ ആദൃശ്യമായ ബന്ധമുണ്ടോ? പ്രശസ്ത ചെക്ക് / ഫ്രഞ്ച് എഴുത്തുകാരനായ മിലൻ കുന്ദേര ‘സ്ലോനസ്’ എന്ന നോവലിൽ ഈ പ്രശ്നത്തെ തത്ത്വചിന്തയുടെ ആഴങ്ങളിൽനിന്ന് പരിശോധിക്കുന്നുണ്ട്.
ആധുനിക ജീവിതത്തിന്റെ വേഗത്തെയും ഓർമകളുടെ നിലനിൽപ്പിനെയും അത്യധികം സങ്കീർണവും കാവ്യാത്മകവുമായ ഒരു സമവാക്യത്തിലൂടെയാണ് കുന്ദേര കോർത്തിണക്കുന്നത്. ആ സമവാക്യം ഇങ്ങനെയാണ്: The degree of slowness is directly proportional to the intensity of memory; the degree of speed is directly proportional to the intensity of forgetting.
എത്രമാത്രം ഓർക്കാൻ ഇഷ്ടപ്പെടുന്നുവോ, അത്രമാത്രം നമ്മുടെ ചുവടുകൾ സാവധാനത്തിലാക്കുന്നു. എത്ര മാത്രം മറക്കണോ, അത്രമാത്രം നാം വേഗത്തിലാകുന്നു . അല്പം കൂടി ലളിതമാക്കിയാൽ, എല്ലാം മറക്കാൻ വേഗത്തിൽ പോകണം. ഓർക്കാൻ പതുക്കെ പോകണം.
സമവാക്യത്തിന്റെ കഥാരൂപമാണ് നോവലിന്റെ ഒരു ഭാഗം. പാരീസിലെ രാജകൊട്ടാരത്തിലാണ് കഥ നടക്കുന്നത്. കാലം പതിനെട്ടാം നൂറ്റാണ്ട്. കൊട്ടാരത്തിലെ പ്രഭ്വി ഒരു ഷെവലിയറുമായി പ്രണയത്തിലാകുകയും അവർ രാത്രി കൊട്ടാരത്തിൽ ചെലവഴിക്കുകയുംചെയ്യുന്നു. വളരെ സാവധാനമാണ് അവർ രാത്രി ആസ്വദിച്ചത്. ഒന്നിനും തിടുക്കം കൂട്ടിയില്ല. വേഗം ഇന്ദ്രിയാനുഭൂതികളുടെ സൂക്ഷ്മതയെ നശിപ്പിക്കുമെന്ന് ഇരുവർക്കുമറിയാം.
രൂപമില്ലാത്ത ഒന്നിനെയും മനുഷ്യന് ഓർമിക്കാൻ കഴിയില്ല. തങ്ങളുടെ സമാഗമത്തിന് വ്യക്തമായ രൂപവും ഘടനയും നൽകാനാണ് അവർ ശ്രമിക്കുന്നത്. ഇനി എന്നും ഈ രാത്രി ഓർക്കണം. അവർ രാത്രിയെ പല യാമങ്ങളായി പകുത്ത് ഓരോന്നിനും വ്യത്യസ്തമായ അനുഭവങ്ങളുടെ ചായം കൊടുത്തു. മലയാളത്തിൽ കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയതുപോലെ: “വിസ്മയംപോലെ ലഭിക്കും നിമിഷത്തിന് അർഥംകൊടുത്തു പൊലിപ്പിച്ചെടുക്കുകയാണവർ.”
നോവൽ തുടരുമ്പോൾ നമ്മൾ പതിനെട്ടാം നൂറ്റാണ്ട് പിന്നിട്ട് ഇരുപതാം നൂറ്റാണ്ടിലെത്തുന്നു. അതേ കൊട്ടാരത്തിൽ മറ്റൊരു പ്രണയനാടകം. ഇരുപതാം നൂറ്റാണ്ടിലെ കാമുകന് പേരുണ്ട്; വിൻസെന്റ്. അയാൾ ജൂലിയെ കണ്ടമാത്രയിൽ ഇഷ്ടപ്പെട്ടു. പിന്നെ അയാൾക്ക് കാത്തുനിൽക്കാൻ മനസില്ല. പെൺകുട്ടിയുടെ സമ്മതം ഉടൻ കിട്ടണം. വേഗത്തിൽ അവളെ സ്വന്തമാക്കണം.
എന്തിനും ഏതിനും പെട്ടെന്ന് ഫലം കിട്ടണമെന്ന വേഗത്തിന്റെ സമവാക്യമാണ് അവനെ നയിക്കുന്നത്. വിൻസെന്റിന്റെ പ്രണയാഭ്യാസങ്ങൾ ദയനീയമായി പരാജയപ്പെടുകയും അയാൾ പരിഹാസ്യനാകുകയും ചെയ്യുന്നു.
തുടർന്നു കാണുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ മന്ദകാമുകനും ഇരുപതാം നൂറ്റാണ്ടിലെ ദ്രുതകാമുകനും കണ്ടുമുട്ടുന്നതാണ്. വിൻസെന്റ് തലേരാത്രിയുടെ നാണംകെട്ട ഓർമകളിൽനിന്ന് രക്ഷനേടാൻ തന്റെ മോട്ടോർ സൈക്കിളിൽ അതിവേഗം കുതിച്ചുപായുകയാണ്. വേഗത്തിൽ ബൈക്ക് ഓടിക്കുമ്പോൾ ഒന്നും ഓർക്കാൻ കഴിയില്ല. അയാളുടെ രക്ഷാമാർഗമാണ് വേഗം. വേഗത്തിൽ പായുമ്പോൾ കാഴ്ചകളും ഓർമയും രൂപരഹിതമായ ദ്രവാവസ്ഥയെ പ്രാപിക്കുന്നു. വേഗത്തിൽ മറ്റൊന്നുമില്ല; ഭൂതകാലവും ഭാവിയുമില്ലാത്ത വർത്തമാനകാലത്തിന്റെ പ്രവാഹം.
പതിനെട്ടാംനൂറ്റാണ്ടിലെ കാമുകൻ കൊട്ടാരത്തിൽനിന്ന് സാവധാനം രഥത്തിൽ യാത്ര തിരിക്കുകയാണ്. മന്ദമായി കല്ലോലത്തിലെ തെന്നൽപോലെയാണ് യാത്ര. അഴകുള്ള രാത്രിയോർമകളുടെ ഓളങ്ങളെ കീറിമുറിക്കാത്ത യാത്ര. ഇപ്പോൾ ആദ്യത്തെ സമവാക്യം കുറച്ചുകൂടി വ്യക്തമായി. മറക്കാൻ വിൻസെന്റ് കുതിച്ചുപായുന്നു. ഷെവലിയർ ഓർക്കാൻ പതുക്കെപ്പോകുന്നു.
ഇനി സമവാക്യം ജീവിതത്തിൽ പ്രവർത്തിക്കുന്നതു നോക്കൂ. നമ്മൾ വഴിയിലൂടെ നടക്കുന്നു. അറിയാതെ ഏതോ കാര്യം ഓർത്തുപോകുകയാണ്. ആ ഓർമയിൽ ലയിക്കുമ്പോൾ നടത്തത്തിന്റെ വേഗം എപ്രകാരമായിരിക്കും? കുറഞ്ഞിട്ടുണ്ടാവില്ലേ?
പണ്ട് മനുഷ്യൻ ആസ്വദിച്ച കലകൾക്കും വായിച്ച സാഹിത്യത്തിനും സാവധാനതയുണ്ടായിരുന്നു. കഥകളി ഉദാഹരണമായി എടുക്കൂ. കേവലം കാണലായിരുന്നില്ല; മറിച്ച് കാലത്തെ പതിഞ്ഞ താളത്തിൽ അനുഭവിക്കലായിരുന്നു. ആട്ടവിളക്കിനു മുന്നിലെ ഭാവവിസ്താരം അനുഭവങ്ങളുടെ ആഴത്തിലേക്കുള്ള യാത്രയാണ്. ക്ലാസിക് കലകൾക്കു മാത്രമല്ല, നാടോടി കലകൾക്കും സാവധാനതയുണ്ടായിരുന്നു. സംഗീതം രാഗങ്ങളെ വിസ്തരിച്ചു. നൃത്തവും ബാലെയും നാടകങ്ങളും പാടിയും ആടിയും അഭിനയിച്ചും നിമിഷങ്ങളെ വിസ്തൃതമാക്കി.
മനുഷ്യന്റെ ഇന്നുവരെയുള്ള സാങ്കേതികാന്വേഷണങ്ങൾ കൂടുതൽക്കൂടുതൽ വേഗത്തിനു വേണ്ടിയുള്ളതായിരുന്നു. ഉരുളുന്ന ചക്രങ്ങൾ തുടങ്ങി ആവിയന്ത്രവും പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർനെറ്റ് വരെ വേഗാവേശം എത്തിനിൽക്കുന്നു. മാനവചരിത്രത്തിൽ ബലഹീനർ മാത്രല്ല, വേഗം കുറഞ്ഞവരും കീഴടങ്ങി. വേഗം കൂടിയത് അതിജീവിച്ചു. അതിവേഗം കുതിച്ചുപായുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഗതാഗതം, വിനിമയങ്ങൾ, ജോലികൾ, തീരുമാനങ്ങൾ എല്ലാം വേഗത്തിലാണ്.
ലഹരിപിടിക്കും വേഗം
വേഗത്തിന് ഒരു വശ്യതയുണ്ട്. ആദ്യം നമ്മെ ആകർഷിക്കും. പിന്നെ ആവേശിക്കും. അടുത്ത ഘട്ടത്തിൽ നമ്മെപ്പോലും മറക്കുന്ന ഉന്മാദത്തിലാക്കും. പോപ് /റാപ് സംഗീതം യുവതയിൽ നിറയ്ക്കുന്ന ആവേശവും ആത്മവിസ്മൃതിയും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
വേഗത്തിൽ വിനിമയം ചെയ്യുന്ന ഭാഷയാണ് പുതിയകാലത്തിന് പ്രിയങ്കരമായത്. ഇമോജികളും സ്റ്റിക്കറുകളും മനുഷ്യഭാവങ്ങളെ എളുപ്പത്തിൽ മറ്റൊരാളിൽ എത്തിക്കും. വാക്കുകൾക്കിടയിൽ അർധവും പൂർണവുമായ വിരാമങ്ങളുണ്ട്. മൗനമുണ്ട്. പറഞ്ഞതിലധികമുണ്ട്.
ചിത്രങ്ങൾ നിരന്തരമായ ഒഴുക്കാണ്. ഇൻസ്റ്റഗ്രാമിലെ റീലുകൾ നോക്കൂ. ഒന്നു തീരുമ്പോൾ മറ്റൊന്ന്. അനന്തമായി നീണ്ടുപോകുന്ന സ്ക്രോളുകൾ. വിരാമങ്ങളില്ല. ചിന്തിക്കാനുള്ള ഇടവേളകളുമില്ല. ഏകപക്ഷീയമായ ഒഴുക്കാണ്. ലളിതമായി പറഞ്ഞാൽ, തിരക്കുകൾക്കിടയിൽ ഭാഷയുടെ വർത്തമാനങ്ങൾക്ക് സമയം നീക്കിവയ്ക്കാൻ മറന്നുപോയവരാണോ നമ്മൾ? എങ്കിൽ നമ്മൾ വേഗത്തിൽ പായുന്ന ആ തീവണ്ടിയിലാണ്.
District News
ചങ്ങനാശേരി: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരന് പി.എന്. പണിക്കരുടെ 31-ാം ചരമ വാർഷികദിനം ഇന്ന് ദേശീയ വായനദിനമായി ആചരിക്കുമ്പോള് അദ്ദേഹത്തിന്റെ നീലംപേരൂരുള്ള ജന്മഗൃഹം വായനയുടെ ചരിത്രസ്മാരകമാകുന്നു. പി.എന്. പണിക്കരുടെ ഓര്മകള് നിറഞ്ഞുതുളുന്ന ഈ ചരിത്രസ്മാരകത്തിലേക്ക് വായനയെ സ്നേഹിക്കുന്ന വിദ്യാര്ഥികളടക്കമുള്ളവര് എത്തിച്ചേരുന്നു. വീടിന്റെ അങ്കണത്തില് പി.എന്. പണിക്കരുടെ ജീവന് തുടിക്കുന്ന അര്ധകായ പ്രതിമയും ദൃശ്യമാണ്. നാളുകളായി നാശോന്മുഖമായിരുന്ന ഈ വീട് കോട്ടയം പബ്ലിക് ലൈബറിയാണ് നവീകരിച്ചത്. ഈ വീട് നവീകരിച്ച് ഗ്രന്ഥശാലാ പ്രവര്ത്തകരുടെ ഗവേഷണ കേന്ദ്രമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ തുടക്കമായി 1945 സെപ്റ്റംബര് 14ന് അമ്പലപ്പുഴയില് നടന്ന അഖിലകേരള തിരുവിതാംകൂര് ഗ്രന്ഥശാലാ രൂപീകരണത്തിന്റെ എണ്പതാം വാര്ഷികവും പി.എന്. പണിക്കരുടെ ചരമദിനവും ഇന്നു രാവിലെ സംസ്ഥാനതലത്തില് അമ്പലപ്പുഴ പി.കെ. മെമ്മോറിയല് ഗ്രന്ഥശാലയില് നടത്തുമെന്ന് കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്സിലില് പ്രസിഡന്റ് കെ. ഗോപകുമാര് പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി അദ്ദേഹത്തിന്റെ പ്രതിമയില് കുട്ടനാട് എംഎല്എ റെജി ചെറിയാന് പുഷ്പാര്ച്ചന നടത്തി.
1909 മാര്ച്ച് ഒന്നിന് ആലപ്പുഴ ജില്ലയിലെ നീലംപേരൂരിലെ വീട്ടില് ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എന്. പണിക്കരുടെ ജനനം. പുതുവയില് നാരായണപ്പണിക്കര് എന്നാണ് പി.എന്. പണിക്കര് അറിയപ്പെട്ടിരുന്നത്. 1926ല് ജന്മനാടായ നീലംപേരൂരില് സനാതനധര്മം വായനശാല ആരംഭിച്ചാണ് പി.എന്. പണിക്കര് വായനശാലാ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. 1977ല് ഗ്രന്ഥശാലാ സംഘത്തെ സര്ക്കാര് ഏറ്റെടുത്ത് ലൈബ്രറി കൗണ്സില് എന്ന് പുനര്നാമകരണം ചെയ്തെങ്കിലും കേരള ഗ്രന്ഥശാലാ സംഘമെന്ന പേര് നിലനിര്ത്തി.
1995 ജൂണ് 19നാണ് പി.എന്. പണിക്കര് അന്തരിച്ചത്. 1996 മുതല് ജൂണ് 19 വായനദിനമായി ആചരിക്കുന്നു. 2017ല് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ് 19 ദേശീയവായനദിനമായി പ്രഖ്യാപിച്ചു.
SUNDAY DEEPIKA
"എന്റെ മകന്റെ അമ്പതാം പിറന്നാളാണ് 19ന്. അവന് എനിക്കൊപ്പം ഏഴു വയസുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഏഴു വയസുകാരനെക്കുറിച്ചുള്ള ഓര്മകള് മാത്രമാണ് എന്നും എന്റെ മനസിൽ. അവന് എന്റെകൂടെ നടക്കുന്നതും വരച്ച ചിത്രങ്ങള് കാണിക്കുന്നതും ഞാന് അവന് കഥകളും പാട്ടുമൊക്കെ പറഞ്ഞുകൊടുക്കുന്നതും എല്ലാം.. അവനെ 50കാരനായി കാണാന് എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല...' സ്വീകരണമുറിയില് വച്ചിരിക്കുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മകന്റെ പ്രതിമയില് തലോടിക്കൊണ്ട് ഇതുപറയുമ്പോള് ചിന്നമ്മ ജോസഫ് എന്ന അമ്മയുടെ കണ്ണുകളില് നനവുപടര്ന്നു...
കാല്ലക്ഷത്തിലേറെ ചിത്രങ്ങള് വരച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി കടന്നുപോയ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ അമ്മയായ ചിന്നമ്മയുടെ ജീവിതം മകന്റെ ഓർമകളിലൂടെയാണ് ഒഴുകുന്നത്. ആറു വര്ഷംമുമ്പ് ഭര്ത്താവ് സിഫ്ട് ഉദ്യോഗസ്ഥനായിരുന്ന എം.ടി. ജോസഫും ജീവിതത്തില്നിന്ന് പറന്നകന്നതോടെ ഈ അമ്മ ഒറ്റയ്ക്കാണ്. കലൂര് ജഡ്ജസ് അവന്യൂ റോഡിലെ ക്ലിന്റ് എന്ന വീട്ടില് മകന്റെ ചിത്രങ്ങളുടെ ശേഖരം ചിന്നമ്മ നിധിപോലെ സൂക്ഷിക്കുന്നു. ആ അമ്മമനസ് വായിക്കാം...
ക്ലിന്റ് എന്ന അദ്ഭുതപ്രതിഭ
1976 മേയ് 19ന് എറണാകുളം മാര്ക്കറ്റ് റോഡ് മുല്ലപ്പറമ്പില് എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായിട്ടായിരുന്നു ക്ലിന്റിന്റെ ജനനം. അവൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ 19ന് അന്പതാം പിറന്നാള് ആഘോഷിക്കുമായിരുന്നു. ബാസ്കറ്റ് ബോള് താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്. തങ്ങള്ക്കൊരു കുഞ്ഞുണ്ടായപ്പോള് എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോര്ത്തിണക്കിയ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന പേരിട്ടു.
ആറുമാസം പ്രായമുള്ളപ്പോൾ കൈയില് കിട്ടിയ കല്ലുകഷണംകൊണ്ട് ഭിത്തിയില് വൃത്തംവരച്ച് അവന് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തി. പിന്നീടങ്ങോട്ട് പക്ഷികളും മൃഗങ്ങളും ഉത്സവങ്ങളുമെല്ലാം ആ വരകളില് നിറഞ്ഞു. അമ്മ പറഞ്ഞുകൊടുക്കുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളെല്ലാം ക്ലിന്റിന്റെ ഭാവനയിലൂടെ വരകളായി പുനര്ജനിച്ചു. ഗണപതിയുടെയും ഭദ്രകാളിയുടെയും വിവിധ ഭാവങ്ങള് മികവാര്ന്ന ചിത്രങ്ങളായി. ഭഗവാന്റെ വിശ്വരൂപംമുതല് ശരശയ്യവരെ ആ കുരുന്ന് വരച്ചെടുത്തു. എവിടെ ചിത്രരചനാ മത്സരമുണ്ടെങ്കിലും ചിന്നമ്മയും ജോസഫും മകനെ കൊണ്ടുപോകും. ഒന്നാം സമ്മാനവുമായിട്ടായിരിക്കും ക്ലിന്റിന്റെ മടക്കം.
ചായക്കൂട്ടുകള് തട്ടിത്തെറിപ്പിച്ച്...
2,522 ദിവസങ്ങള് മാത്രമാണ് ക്ലിന്റ് ഈ ഭൂമിയില് ജീവിച്ചത്. മൂന്നാംവയസില് പനിക്കു മാറിനല്കിയ മരുന്നാണു മകനെ വൃക്കരോഗിയാക്കിയതെന്നും പിന്നീടു മരണത്തിലേക്കു നയിച്ചതെന്നും ചിന്നമ്മ ഓര്ക്കുന്നു. "ഏഴു വയസുകഴിഞ്ഞാല് പിന്നെ പേടിക്കേണ്ടതില്ലെന്ന് ഡോക്ടര് പറഞ്ഞിരുന്നു. എന്നാലതിനു കാത്തുനില്ക്കാതെ ഏഴാംപിറന്നാളിന് ഒരു മാസം മുന്നേ ക്ലിന്റ് ഞങ്ങളെ വിട്ടകന്നു'- ചിന്നമ്മ പറഞ്ഞു. 1983 ഏപ്രില് 15നാണ് നിറമുള്ള ഓര്മകള് ബാക്കിയാക്കി ക്ലിന്റ് ഈ ലോകത്തോടു വിടപറഞ്ഞത്. എന്നാല് ആ ചെറിയ കാലയളവില് ക്ലിന്റ് വരച്ചുതീര്ത്തത് 25,000 ചിത്രങ്ങൾ...
ക്ലിന്റിനായൊരു മുറി
കലൂരിലെ വീട്ടിലെ മുകളിലത്തെ നിലയില് ചിന്നമ്മ ഒരു മുറി ക്ലിന്റിനായി ഒരുക്കിയിട്ടുണ്ട്. അവൻ വരച്ച ചിത്രങ്ങള് മൂന്നു പെട്ടികളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ക്ലിന്റ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്, കളിപ്പാട്ടങ്ങള്, സൈക്കിള്, ക്രിക്കറ്റ് ബാറ്റ്, ഷട്ടില് ബാറ്റ്, മത്സരങ്ങളിലെ വിജയങ്ങളില് ലഭിച്ച ട്രോഫികള്... ഇതെല്ലാം ആ മുറിയില് ഭദ്രം. ചിത്രങ്ങളുടെ സംരക്ഷണത്തിനായി ക്ലിന്റ് ഫൗണ്ടേഷന് എന്ന പേരില് ഒരു ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. ക്ലിന്റ് കഴുത്തില് അണിഞ്ഞിരുന്ന മാല അവന്റെ ശില്പത്തില് ചാര്ത്തിയിരിക്കുന്നു. പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന്റെ ഫോട്ടോയ്ക്കു മുന്നില് ചിന്നമ്മ എന്നും പുഷ്പങ്ങള് വയ്ക്കും.
2019 ലായിരുന്നു ഭര്ത്താവിന്റെ മരണം. അതുവരെ ഞങ്ങള്ക്കൊപ്പം നിന്നിരുന്ന ഒരു ബന്ധു മൂന്നു ലക്ഷത്തിലധികം രൂപ ഞങ്ങളില്നിന്ന് തട്ടിയെടുത്തു. അതുകൊണ്ട് ആരെയും എനിക്കിപ്പോള് വിശ്വാസമില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ട്. ജോലിക്കാരെ വീട്ടില് നിര്ത്താന്പോലും എനിക്ക് ഭയമാണ്. എന്റെ മകന്റെ ചിത്രങ്ങള് നിധിപോലെയാണ് ഞാന് സൂക്ഷിക്കുന്നത്. മറ്റൊരാള് വന്നാല് അതില് വല്ലതും നഷ്ടമാകുമോയെന്ന് വല്ലാതെ ഭയമുണ്ട്'- ചിന്നമ്മ പറഞ്ഞു. ചിന്നമ്മയുടെ 34-ാം വയസിലാണ് മകനെ നഷ്ടമായത്. ക്ലിന്റിന്റെ മരണശേഷം ലക്ഷ്മിക്കുട്ടി എന്ന തത്തയും കണ്ണനെന്നു പേരിട്ടു വിളിച്ച അണ്ണാനും ഇവരുടെ ജീവിതത്തിന് കുറച്ചുകാലം നിറംനല്കിയിരുന്നു.
ക്ലിന്റ് ആര്ട്ട് ഗാലറി
ക്ലിന്റിന്റെ സ്മാരകമായി കൊച്ചിയില് ജിസിഡിഎ ആസ്ഥാന മന്ദിരത്തിനു പിന്നിലെ ഗാന്ധിനഗര് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാംനിലയില് 3,500 ചതുരശ്രയടിയില് ആര്ട്ട് ഗാലറിയുണ്ട്. ക്ലിന്റ് വരച്ചതില് തെരഞ്ഞെടുത്ത 101 ചിത്രങ്ങളുടെ പകര്പ്പാണു ഫ്രെയിം ചെയ്തു ഗാലറിയില് വച്ചിരിക്കുന്നത്. ചിത്രങ്ങള് വരച്ചതിനെക്കുറിച്ച് ചിന്നമ്മ പറഞ്ഞ അനുഭവങ്ങളും, അവയെക്കുറിച്ചുള്ള ലഘു വിവരണങ്ങളും വായിക്കാനും ഇവിടെ കഴിയും.
"എന്റെ കാര്യങ്ങള് ഞാന് തനിച്ചുതന്നെയാണ് ചെയ്യുന്നത്. മുമ്പ് ഭര്ത്താവിന്റെ നിഴല്പറ്റി നടന്നിരുന്ന ഞാനിന്ന് എല്ലാം സ്വന്തമായി ചെയ്യാന് ശീലിച്ചു. എനിക്ക് സങ്കടമില്ല. കാരണം അച്ഛനും മകനും ഒന്നിച്ചുണ്ടല്ലോ. മുമ്പ് ക്ലിന്റ് തനിച്ചായിരുന്നു. ഇപ്പോള് അവന്റെ പ്രിയപ്പെട്ട "പപ്പു' അവനൊപ്പമുണ്ട്. ഏതുലോകത്തായാലും അവര് രണ്ടാളും ഹാപ്പിയായിട്ട് ഇരിക്കുന്നുണ്ടാകും. ഇനി ഞാന് അങ്ങോട്ട് ചെന്നാല് മതിയല്ലോ.... മകന്റെയും ഭര്ത്താവിന്റെയും ഓര്മകളില് 73കാരിയായ ചിന്നമ്മ പറഞ്ഞുനിര്ത്തുന്നു.
SUNDAY DEEPIKA
ഡല്ഹിക്കും ലാഹോറിനുമിടയില് മൃതദേഹങ്ങള് വഹിച്ച് കരിന്പുകതുപ്പി പാഞ്ഞ തീവണ്ടികളെക്കുറിച്ച് ഖുഷ്പന്ത് സിംഗിന്റെ ട്രെയിന് ടു പാക്കിസ്ഥാന് എന്ന നോവലില് പറയുന്നുണ്ട്. ചതഞ്ഞരഞ്ഞതും ശിരസുകളറ്റതുമായ ശരീരങ്ങള്... വിസര്ജ്യങ്ങള് ഒലിച്ചിറങ്ങുന്ന ബോഗികള്... ഭയന്നുവിറച്ചും വിശന്നും ശബ്ദിക്കാന്പോലും മറന്നിരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്... നേരിയ ജീവന്മാത്രം ബാക്കിയായവര്... ഇതിനെല്ലാമിടയില് ഇരകളെ തേടിയെത്തുന്ന ആയുധധാരികൾ... മനസിനേല്ക്കുന്ന ആഘാതം സങ്കല്പിക്കാവുന്നതിനേക്കാള് വലുതായതിനാല് ഇതിനപ്പുറം വിവരണം അസാധ്യം.
വിഭജനത്തിന്റെ തീക്കാറ്റില് വെന്തെരിഞ്ഞു തകര്ന്നുപോയ, കണക്കില്ലാത്ത ജീവിതങ്ങള്. വേട്ടനായ്ക്കളെപ്പോലെ തമ്മില് കടിച്ചുകീറുന്ന ജനം ഒരുവശത്ത്, ഉയിരും ഉടുതുണിയും മാത്രം കൈമുതലാക്കി ജീവനുവേണ്ടി പലായനം ചെയ്യുന്നവരുടെ ദൈന്യത മറുവശത്ത്. വഴിയിൽ ആൾക്കൂട്ടങ്ങളാൽ മാനഭംഗം ചെയ്യപ്പെടാതിരിക്കാൻ സ്വന്തം പെൺമക്കളെ കഴുത്തുഞെരിച്ചു കൊല്ലേണ്ടിവന്ന മനുഷ്യരുടെ കഥ ഹൃദയം നുറുക്കും.
ഭീതിദമായ കൂട്ട പലായനവും കൂട്ടക്കൊലകളുമായിരുന്നു ഇന്ത്യ-പാക് വിഭജനകാലത്തേത്. ഹിറ്റ്ലറും നാസി പടയാളികളും കൊന്നൊടുക്കിയ മനുഷ്യരുടെ ഏകദേശ കണക്ക് ലോകത്തിനറിയാം. കാരണം കൊന്നുതള്ളിയവരുടെ കണക്ക് അവര്തന്നെ എഴുതി സൂക്ഷിച്ചു. ഇന്ത്യ സ്വതന്ത്രയായി പാക്കിസ്ഥാന് എന്നപേരില് ഒരു പുതിയ രാജ്യം ജനിച്ചപ്പോള് തന്നെ ഹിന്ദു-മുസ്ലീം കലാപം ആരംഭിച്ചു. ഇന്ന് ബംഗ്ലാദേശിലുള്ള നബാഖലിയിലായിരുന്നു തുടക്കം. കാട്ടുതീപോലെ ബംഗാളിലേക്കും പാക്കിസ്ഥാന് അതിര്ത്തിയായ കിഴക്കന് പഞ്ചാബിലേക്കും അതു പടര്ന്നു.
ലോകം ഉറങ്ങുമ്പോള് സ്വതന്ത്രയായ ഇന്ത്യയിലും പുതിയ രാജ്യമായ പാക്കിസ്ഥാനിലും എത്രപേര് കൊല്ലപ്പെട്ടു എന്ന് ആര്ക്കും അറിയില്ല. ആള്ക്കൂട്ടങ്ങളാണ് കൂട്ടക്കൊലകള് നടത്തിയത്. കൊല്ലാനും കൊല്ലപ്പെടാനുമുള്ള കാരണം ഒരാള് ഹിന്ദുവോ മുസ്ലീമോ ആയി ജനിച്ചുപോയി എന്നതാണ്.
ഇരു രാജ്യങ്ങളിൽനിന്നും പുറപ്പെടുന്ന തീവണ്ടികൾ അതിർത്തികൾ കടക്കുന്പോൾ ആയുധങ്ങളുമായി കലാപകാരികൾ കയറും.., ജനങ്ങളെ നിഷ്ഠുരമായി കൊലപ്പെടുത്തി കടന്നുകളയും. തീവണ്ടികൾ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്പോൾ ജീവനുള്ളവരേക്കാൾ കൂടുതൽ മൃതദേഹങ്ങളാകും.
കൊല്ലപ്പെട്ടവരുടെ എണ്ണവും പേരുകളും ഇന്നും അജ്ഞാതമാണ്. ചാരംമൂടിയ കനലുകള്പോലെ നീറുന്ന ഓര്മകള് സൂക്ഷിക്കുന്ന മനുഷ്യരുടെ മനസുകളിലും, തിരിച്ചറിയാനാകാതെ നിറംമങ്ങിപ്പോയ പഴയ കുടുംബ ഫോട്ടോകളിലും മാത്രം ചിലരെങ്കിലും ജീവിച്ചിരിക്കുന്നുണ്ട്. സ്വന്തം സഹോദരങ്ങളെപ്പോലും തിരിച്ചറിയാന് പലർക്കും കഴിയില്ല- ജീവൻ രക്ഷിക്കാൻ മനുഷ്യർക്കു പലവേഷങ്ങളിലേക്കു മാറേണ്ടിവന്നതിനാൽ...
വിഭജനകാലത്തെ പൊള്ളിക്കുന്ന ഓര്മകളുണ്ട് കപ്പൂച്ചിൻ വൈദികനായ ഫാ. ആബിദ് ഹബീബിന്. പഞ്ചാബിലെ കപൂർത്തലയിൽനിന്ന് ലാഹോറിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം.
2003ൽ ഡൽഹിയിൽവച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. സിബിസിഐ സംഘടിപ്പിച്ച ഇന്ത്യാ-പാക് മതാന്തര സംവാദത്തില് പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ആകെ മൂന്നുതവണ ഇന്ത്യ സന്ദർശിച്ചതിൽ അവസാനത്തെ വരവ്. വൈദികരും വൈദിക വിദ്യാര്ഥികളുമടങ്ങിയ പ്രതിനിധിസംഘത്തിന് അന്ന് ഇന്ത്യാ സന്ദര്ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് കഴിയാത്തതായിരുന്നു. 23 വർഷം മുന്പത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഇ-മെയിലുകളിലൂടെ അദ്ദേഹം സൗഹൃദം പുതുക്കുന്നു, ചിന്തകൾ പങ്കുവയ്ക്കുന്നു.
പിതാവ് അഹമ്മദ് ഖുറേഷി പറഞ്ഞറിഞ്ഞ വിഭജനകാല അനുഭവങ്ങൾ
ഫാ. ആബിദിന്റെ വാക്കുകളിൽ...
""ഇന്ത്യാ-പാക് വിഭജനം നടക്കുമ്പോള് എന്റെ പിതാവ് അഹമ്മദ് ഖുറേഷിക്ക് 24 വയസ്. ഡല്ഹിയിലെ നിസാമുദ്ദീന് ഔലിയയുടെ ദര്ഗയ്ക്കു സമീപത്ത് അദ്ദേഹത്തെ ജനക്കൂട്ടം ആക്രമിച്ചു. രക്തം ഇറ്റുന്ന ശിരസുമായി ഓടിയത് ദര്ഗയ്ക്ക് അകത്തേക്കായിരുന്നു. നിസ്കാരത്തിനെത്തുന്നവര് ദേഹശുദ്ധി വരുത്തുന്ന കുളത്തില് തലയിലെ ചോര കഴുകി.
ദര്ഗയിലെ ഉസ്താദാണ് രക്തംപുരണ്ട വസ്ത്രംമാറാൻ സഹായിച്ചത്. പാക്കിസ്ഥാനിലേക്കുള്ള അഭയാര്ഥികള് കൂടാരമടിച്ച് താമസിക്കുന്ന പുരാനാ കിലയിലാണ് അവിടെനിന്ന് എത്തിയത്. പട്ടാളത്തിന്റെ അകമ്പടിയോടെ പുരാനാ ദില്ലിയില്നിന്നു പഞ്ചാബിലെ അമൃത്സറിലെത്തി. പിന്നെ അഭയാര്ഥി ട്രെയിനില് പാക്കിസ്ഥാനിലെ ലാഹോറിലും.
കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട് ജീവനുംകൊണ്ട് പലായനം ചെയ്യുമ്പോള് പലപ്പോഴും കലാപകാരികളായ ആള്ക്കൂട്ടങ്ങളുടെ മുന്നില്പ്പെട്ടു. ആള്ക്കൂട്ടത്തിന്റെ സ്വഭാവമറിഞ്ഞ് ഹിന്ദുവിന്റെ പേരും മുസ്ലീമിന്റെ പേരും മാറിമാറി പറഞ്ഞാണ് ജീവന് രക്ഷിച്ചത്. പഞ്ചാബിന്റെ ഹരിതാഭമായ ജന്മനാട്ടിലേക്ക് തിരിച്ചുവരാമെന്ന ചിന്തയായിരുന്നു പലായനസമയത്ത് പിതാവിന്.
കപൂര്ത്തലയില്നിന്ന് തനിക്കൊപ്പം സഞ്ചരിച്ച ഹിന്ദുസുഹൃത്തിനെ, പാക് അതിര്ത്തിക്കുസമീപം കലാപകാരികൾ വെട്ടിക്കൊല്ലുന്നതുകണ്ട് മുഖംപൊത്തിക്കരഞ്ഞു അദ്ദേഹം. ആ കാഴ്ച സമ്മാനിച്ചത് ഉറക്കമില്ലാത്ത രാവുകളായിരുന്നു.
ജീവിക്കാനായി പട്ടാളത്തില്ചേര്ന്ന അദ്ദേഹം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ രണ്ടു യുദ്ധങ്ങളിലും പങ്കാളിയായി. അക്കാലത്ത് ആരോഗ്യമുള്ള ചെറുപ്പക്കാര്ക്കു ലഭിക്കുന്ന സര്ക്കാര് ജോലി പട്ടാളത്തിലെ ജോലി മാത്രമായിരുന്നു. സാഹചര്യങ്ങളുടെ ബലിയാടായ അദ്ദേഹം ഒരിക്കലും താന് ജനിച്ച മണ്ണിനോടും അവിടത്തെ ജനങ്ങളോടും ശത്രുത പുലര്ത്തിയില്ല.
ലാഹോറില് വിശ്രമജീവിതം നയിക്കുന്ന കാലത്താണ് അദ്ദേഹം ഈ കഥകള് എന്നോടു പറഞ്ഞത്. കപൂര്ത്തലയിലെ സമൃദ്ധമായ ഗോതമ്പുവയലുകളുടെ ഓര്മ മരണംവരെ അദ്ദേഹം പങ്കിടുമായിരുന്നു. അദ്ദേഹത്തെപ്പോലെ പഞ്ചാബിന്റെ മണ്ണിലേക്കുള്ള മടങ്ങിവരവ് സ്വപ്നംകണ്ടവർ ഒരുപാടുണ്ടായിരുന്നു. 2010ല് അദ്ദേഹം മരിച്ചു. അമ്മ മറിയം റോഡ്രിക്സ് നേരത്തേ വിടപറഞ്ഞിരുന്നു.
മുറിച്ചത് മനസുകളെ
ഡല്ഹിയില് മൂന്നുതവണമാത്രം സന്ദര്ശനംനടത്തിയ അദ്ദേഹത്തിന് പാക്കിസ്ഥാനി എന്ന സംബോധന കേള്ക്കുന്നത് വലിയ ദുഃഖമാണ്. താജ്മഹലും കുത്തബ് മിനാറും കാണാന്പോയവേളയിൽ പാക്കിസ്ഥാനിയാണ് എന്നറിഞ്ഞപ്പോള് സുരക്ഷാ ഉദ്യോഗസ്ഥര് മാറ്റിനിര്ത്തിയതും അദ്ദേഹം വേദനയോടെ ഓർമിക്കുന്നു. ""എന്നെ നിങ്ങള് പഞ്ചാബി എന്നു വിളിച്ചാല് മതി, അതാണ് എന്റെ സ്വത്വം''- അദ്ദേഹം പറയുന്നു.
ഇന്ത്യാ-പാക് വിഭജനം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന വലിയ തെറ്റാണെന്ന അഭിപ്രായമാണ് ഫാ. ഹബീബിന്. ""വിഭജനത്തിനുശേഷം ഒറ്റപ്പെട്ടുപോയ സഹോദരങ്ങളോടും മാതാപിതാക്കളോടും ചോദിക്കൂ, അവര് പറയും വിഭജിച്ചത് മനസുകളെയാണ് രാജ്യങ്ങളെയല്ല എന്ന്. ഡല്ഹിയില് ബ്രിട്ടീഷ് വൈസ്രോയിയുടെ ഭവനത്തിലിരുന്ന രാജ്യത്തിന്റെ ഭൂപടത്തെ വിഭജിച്ച് വേര്തിരിച്ചു വരച്ചപ്പോള് എന്നേക്കുമായി വേര്പെട്ടുപോയ മനുഷ്യബന്ധങ്ങള്ക്കും, കലാപങ്ങളില് പൊലിഞ്ഞ എണ്ണമറ്റ ജീവനുകള്ക്കും ആരാണ് ഉത്തരവാദി? ഇരുരാജ്യത്തും അനേകം മനുഷ്യരെ വിഭജനകാലത്തെ ഓർമകൾ ഇന്നും ഉണങ്ങാത്ത മുറിവുപോലെ വേദനിപ്പിക്കുന്നുണ്ട്.
ഇന്ത്യയുടെ മണ്ണില് സിഖുകാരനായി ജീവിക്കുന്ന വ്യക്തിയുടെ സഹോദരി പാക്കിസ്ഥാനില് മുസ്ലീമാണ്. അനവധിപേര് കലാപകാലത്ത് കുടുംബങ്ങളില്നിന്നു വേര്പെട്ടുപോയിട്ടുണ്ട്. അവരും പറയും വിഭജിച്ചത് രാജ്യത്തെയല്ല, അനേകായിരങ്ങളുടെ മനസുകളെയാണ്, ജീവിതങ്ങളെയാണ് എന്ന്. വിഭജനകാലത്തെക്കുറിച്ച് അതായിരിക്കും ഒരു ശരാശരി പാക്കിസ്ഥാനിയുടെ വിലയിരുത്തല്.
നിങ്ങള്ക്ക് ഈ വികാരം മനസിലാകണമെങ്കില് ഇസ്ലാമാബാദിലെ ഇന്ത്യന് എംബസിക്കു മുന്നിലെത്തിയാല്മതി. ദിവസവും യാത്രാരേഖകള് തയാറാക്കാനെത്തുന്നവരുടെ വന് തിരക്കുകാണാം. എംബസിക്കു മുന്നിലെ തുറസായ സ്ഥലത്ത് കൂടാരമടിച്ച് സ്ഥിരതാമസമാക്കിയ അച്ഛനും മക്കളും മുത്തച്ഛനും അടങ്ങിയ കുടുംബങ്ങളെയും കാണാം. പാക്കിസ്ഥാനിലെ സാധാരണക്കാര്ക്കിടയില് ഹിന്ദുസ്ഥാനിയോട് ഇന്നും സ്നേഹവും, ആദരവും ഉള്ളവരെ എനിക്കറിയാം. റോഡരികിലെ ഡാബയില് ഭക്ഷണം കഴിച്ച ഇന്ത്യക്കാരനോട് പണം വേണ്ട എന്ന് സ്നേഹത്തോടെ പറയുന്ന മനുഷ്യരെയും ഞാന് കണ്ടിട്ടുണ്ട്''- ഫാ.ഹബീബ് പറയുന്നു.
രണ്ടു രാജ്യങ്ങളും സ്നേഹബന്ധത്തില് കഴിയേണ്ടതിന്റെ പ്രാധാന്യം ലഭ്യമായ എല്ലാ വേദിയിലും ഫാ. ഹബീബ് പ്രസംഗിക്കാറുണ്ട്. പാക്കിസ്ഥാന് കത്തോലിക്കാ സഭയുടെ ഇന്ത്യാ-പാക്ക് സമാധാന കമ്മിറ്റിയുടെ തലവനായ അദ്ദേഹത്തിന് ഒരു ഉറച്ച വിശ്വാസമുണ്ട്- സഭയ്ക്കും ക്രൈസ്തവര്ക്കും ഇരുരാജ്യങ്ങളുടെയും സമാധാന സംഭാഷണങ്ങളില് കാര്യമായ പങ്കുവഹിക്കാന് കഴിയും. അന്താരാഷ്ട്ര വേദികളിലെല്ലാം അദ്ദേഹം ഇത് ഉന്നയിക്കുന്നു.
""പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളും ക്രൈസ്തവരും അടക്കമുള്ളവരുടെ കാര്യം ഞാന് പറയാതെ നിങ്ങള്ക്കറിയാം. നിരന്തരം വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കദനകഥകള്ക്ക് വാര്ത്താപ്രാധാന്യം നഷ്ടപ്പെട്ടു. ക്രൈസ്തവര് എണ്ണത്തില് ഏറ്റവും ന്യൂനപക്ഷമാണ്- ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രം. എന്നെ ഏറ്റവും ദുഃഖിപ്പിക്കുന്നത് അവരുടെ എണ്ണമല്ല, അവഗണിക്കപ്പെട്ട അവരുടെ ജീവിതമാണ്.
ഏതുമാനദണ്ഡംവച്ചു നോക്കിയാലും ഏറ്റവും അടിത്തട്ടില് കഴിയുന്നവരാണവര്. ഏറെപ്പേരും ശുചീകരണ തൊഴിലാളികളാണ്, ബഹുഭൂരിപക്ഷവും പാക്ക് പഞ്ചാബ് സ്വദേശികൾ. സര്ക്കാരിന്റെയും സമൂഹത്തിന്റെയും അവഗണന ഏറ്റവും അനുഭവിക്കുന്ന ജനതയും പാക്ക് ക്രൈസ്തവരാണ്. കടുത്ത വിവേചനത്തിലും അസ്ഥിരതയിലും അവർ തങ്ങളുടെ വിശ്വാസം സൂക്ഷിക്കുന്നു. കപ്പൂച്ചിന് സഭ വിദ്യാഭ്യാസ രംഗത്താണ് പ്രവര്ത്തിക്കുന്നത്. സെമിനാരികളും തൊഴില് പരിശീലന കേന്ദ്രങ്ങളും ഞങ്ങള് നടത്തുന്നുണ്ട്.''
ഫാ. ഹബീബിന്റെ മുത്തച്ഛന് പഞ്ചാബിലെ കപൂര്ത്തലയില് ഡോക്ടറായിരുന്നു. ധാരാളം ഭൂസ്വത്തും കൃഷിയുമുണ്ടായിരുന്ന, നല്ല നിലയിൽ ജീവിച്ച കുടുംബം.
""മുഗള് ചക്രവര്ത്തി ബാബറിന്റെ വംശപരമ്പരയിലെ പിന്മുറക്കാരാണ് തങ്ങളെന്ന് മുത്തച്ഛന് പറയാറുണ്ടായിരുന്നു. എന്റെ പിതാവ് ഹബീബ് അഹമ്മദ് ഖുറേഷി വിവാഹത്തെ തുടര്ന്നാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അമ്മ മറിയം റോഡ്രിഗ്സ് ഗോവ സ്വദേശിനിയായിരുന്നു. അമ്മയുടെ പിതാവ് ലാഹോറില് സര്ക്കാര് ജോലിക്കായി എത്തിയതാണ്. അങ്ങനെയാണ് അവര് തമ്മില് കാണുന്നതും പ്രണയിച്ച് വിവാഹം കഴിച്ചതും. ഏഴുമക്കളില് ഞാന് മാത്രം വൈദികനായി. എന്റെ സഹോദരങ്ങളെല്ലാം വിശ്വാസജീവിതം നയിക്കുന്ന ക്രൈസ്തവരാണ്.''
സാധ്യമായാല് ഇനിയും ഇന്ത്യ സന്ദര്ശിക്കാന് ആഗ്രഹമുണ്ട് ഫാ. ആബിദ് ഹബീബിന്. ഡല്ഹിയിലെ സിബിസിഐ ആസ്ഥാനം ഉള്പ്പെടുന്ന സേക്രഡ് ഹാര്ട്ട് പള്ളിക്കു മുന്നിൽവച്ച് 22 വർഷംമുന്പ് യാത്രപറയുന്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ വീണ്ടുമോർത്തു:
""ഒരിക്കല് വേര്പെടുത്തപ്പെട്ട എത്രയോ രാജ്യങ്ങളും സംസ്കാരങ്ങളും വീണ്ടും ഒന്നായിട്ടുണ്ട്. മതിലുകള് തകര്ത്ത് ജർമനി ഒന്നായില്ലേ... അതിര്ത്തിവേലികളില്ലാതെ നമ്മുടെ രാജ്യങ്ങളും വീണ്ടും ഒന്നായെങ്കില് എന്ന് ഞാന് ആശിക്കാറുണ്ട്. സുഹൃത്തേ, ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നറിയാം. എങ്കിലും അതിര്ത്തിക്കിരുവശത്തുമായി വേര്പെട്ടുപോയ ഏതൊരു മനുഷ്യനെയുംപോലെ ഞാനും ആശിച്ചുപോകാറുണ്ട്...''
Leader Page
ഇടവകയിലെ വീടുകളെ പത്തോ ഇരുപതോ മുപ്പതോ മറ്റോ വീതം വീടുകളുടെ അടുപ്പവും സൗകര്യവും അനുസരിച്ചു തിരിക്കുക. ഓരോ ഗണത്തിനും ഒന്നാം സെറ്റ്, രണ്ടാം സെറ്റ് എന്നിങ്ങനെ തുടര്ച്ചയായി എണ്ണമിടണം ഓരോ സെറ്റിലുമുള്ള വീടുകളില്നിന്നു ഭക്തന്മാരും സ്ഥിരോത്സാഹികളും കത്തോലിക്കാ കാര്യങ്ങളില് താത്പര്യമുള്ളവരുമായ അഞ്ചോ എട്ടോ പേരെ പ്രവര്ത്തകന്മാരായി തെരഞ്ഞെടുക്കണം. ഇവരാണ് അതതു സെറ്റില്പ്പെട്ട വീടുകളുടെ പൊതുനന്മയ്ക്കുവേണ്ടിയും പ്രത്യേക ആത്മീയ ഉന്നതിക്കായും വേണ്ടതു പ്രവര്ത്തിക്കേണ്ടവര്.
എറണാകുളം അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന മാര് അഗസ്റ്റിന് കണ്ടത്തില് 1941 ഫെബ്രുവരിയില് പുറപ്പെടുവിച്ച സര്ക്കുലറിലെ വാക്കുകളാണിത്. ഇടവകയുടെയും സഭയുടെയും വളർച്ചയിൽ ഗാർഹികസഭയായ കുടുംബങ്ങളുടെ ആത്മീയ കൂട്ടായ്മയും വളർച്ചയും എത്രത്തോളം പ്രാധാനപ്പെട്ടതെന്ന്, എട്ടര പതിറ്റാണ്ടു മുമ്പേയുള്ള ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ വാക്കുകൾ.
മാർ അഗസ്റ്റിൻ കണ്ടത്തിൽ ദിവംഗതനായിട്ട് ഇന്ന് 70 വർഷം. നാലു വര്ഷം അപ്പസ്തോലിക് വികാരിയായും 33 വര്ഷം മെത്രാപ്പോലീത്തയായുമുൾപ്പെടെ 37 വര്ഷം എറണാകുളം അതിരൂപതയെയും സീറോമലബാർ സഭയെയും നയിച്ച സുകൃതസമ്പന്നമായ ഇടയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രഥമ മെത്രാപ്പോലീത്ത
എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയാണ് മാർ അഗസ്റ്റിൻ കണ്ടത്തിൽ. 1874 ഓഗസ്റ്റ് 25ന് വൈക്കത്തിനടുത്ത് ചെമ്പ് ഗ്രാമത്തില് ജനിച്ച മാര് കണ്ടത്തില് 1901 ഡിസംബർ 21ന് കാൻഡി പേപ്പൽ സെമിനാരിയിൽ പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം വികാരിയാത്തിന്റെ അന്നത്തെ അപ്പസ്തോലിക് വികാരി മാര് ളൂയിസ് പഴേപറമ്പിലിന്റെ സഹായിയായി (കോ- അദ്യുക്തോർ) നിയോഗമേൽക്കുമ്പോൾ മാർ കണ്ടത്തിലിനു വയസ് 37.
1919ല് മാര് ളൂയിസ് പഴേപറമ്പിലിന്റെ നിര്യാണം. വികാരിയാത്തിന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തുടര്ന്ന് 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാര്പാപ്പ സീറോമലബാര് ഹയരാര്ക്കി സ്ഥാപിച്ചതോടെ എറണാകുളത്തെ അതിരൂപതയായി ഉയര്ത്തി. മാർ കണ്ടത്തില് ആദ്യത്തെ മെത്രാപ്പോലീത്തയായി.
1956 ജനുവരി പത്തിന് 81-ാം വയസിലാണു മാർ കണ്ടത്തിലിന്റെ നിര്യാണം. എറണാകുളം അതിരൂപതയെ ഏറ്റവും ദീര്ഘകാലം നയിച്ച ഇടയനെന്ന ഖ്യാതി മാർ കണ്ടത്തിലിന്റെ പേരിൽ കുറിക്കപ്പെട്ടു.
അതിരൂപതയുടെ ശില്പി
“എറണാകുളം അതിരൂപതയുടെ യഥാർഥ ശില്പി”- കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ തന്റെ മുൻഗാമിയായ മാർ അഗസ്റ്റിൻ കണ്ടത്തിലിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്. 30 പേരടങ്ങുന്ന വേദപ്രചാരസംഘം സ്ഥാപിച്ച് അവരെ ഇടവകകളിലേക്ക് അയച്ചത് അന്നു സുവിശേഷവത്കരണത്തിന്റെ നവമാതൃകയായി. ഇടയലേഖനങ്ങളും അതിരൂപതയുടെ പ്രവർത്തനങ്ങളും ആളുകളിലേക്കെത്തിക്കാൻ എറണാകുളം മിസം ആരംഭിച്ചു.
ശ്രദ്ധേയം ഈ തുടക്കങ്ങൾ
പ്രബുദ്ധമായ വിശ്വാസിസമൂഹത്തിന്റെ രൂപീകരണം സ്വപ്നം കണ്ട മാർ കണ്ടത്തിൽ മലബാര് മെയില്, സത്യദീപം, അമ്മ മാസിക, കുടുംബദീപം എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
എറണാകുളം ലിസി, അങ്കമാലി ലിറ്റില് ഫ്ളവര് ആശുപത്രികൾ, മൂവാറ്റുപുഴ നിര്മല കോളജ് എന്നിവ മാർ കണ്ടത്തിലിന്റെ സാരഥ്യത്തിൽ പിറവിയെടുത്ത ശ്രദ്ധേയ സ്ഥാപനങ്ങളാണ്. 30 സ്കൂളുകള്, മൂന്നു കോളജുകൾ, 71 മഠങ്ങള്, 61 പള്ളികള്, 30 കുരിശുപള്ളികള്... മാർ കണ്ടത്തിലിന്റെ നേതൃമികവിൽ തുടക്കമിട്ട നന്മകൾ ഇനിയുമൊട്ടേറെ.
സന്യസ്തർക്കു പ്രചോദനം
അതിരൂപതയിൽ സന്യസ്തരുടെ സേവനം പ്രധാനമാണെന്ന ദർശനമായിരുന്നു മാർ കണ്ടത്തിലിന് ഉണ്ടായിരുന്നത്. പുതിയ സന്യാസമൂഹങ്ങൾ ആരംഭിക്കുന്നതിനും മാർ കണ്ടത്തിൽ പ്രോത്സാഹനം നൽകി. രണ്ടു സന്യാസസഭകളുടെ സ്ഥാപകനെന്ന നിലയിൽക്കൂടി മാർ അഗസ്റ്റിൻ കണ്ടത്തിൽ ഇന്നു സഭാചരിത്രത്തിന്റെ ഭാഗമാണ്. മൂക്കന്നൂർ കേന്ദ്രമാക്കി 1931ല് ആരംഭിച്ച കോൺഗ്രിഗേഷൻ ഓഫ് സെന്റ് തെരേസ് ഓഫ് ലിസ്യൂ (സിഎസ്ടി ബ്രദേഴ്സ്), എടക്കുന്ന് പാദുവാപുരത്ത് ആരംഭിച്ച നസ്രത്ത് സഹോദരികളുടെ സമൂഹം (സിഎസ്എൻ) എന്നിവയുടെ സ്ഥാപകൻ മാർ കണ്ടത്തിലാണ്.
എറണാകുളത്തു വേരുകൾ പാകപ്പെട്ട അഗതികളുടെ സഹോദരികളുടെ സഭ, ക്ലാരസഭ, ആരാധനാസഭ, മെഡിക്കല് സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ), അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന് ഗാര്ഡന്സ്) എന്നിവ ആരംഭിച്ചതും മാർ കണ്ടത്തിൽ മെത്രാപ്പോലീത്തയായിരുന്ന കാലഘട്ടത്തിലാണ്.
ദൈവാശ്രയബോധത്തിൽ
നിന്നില് ഞാന് ശരണംവച്ചു- എന്നതായിരുന്നു മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അജപലന-ഇടയജീവിതത്തിന്റെ ആപ്തവാക്യം. തികഞ്ഞ ദൈവാശ്രയബോധത്തിൽ അടിയുറച്ചതായിരുന്നു ആ ഇടയശുശ്രൂഷ.
Business
ഇന്ത്യൻ പരസ്യകലയ്ക്ക് സ്വന്തമായൊരു ശൈലിയും രൂപവും സമ്മാനിച്ച വ്യക്തിയെയാണ് പീയൂഷ് പാണ്ഡെയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. 70കാരനായ പീയുഷ് പാണ്ഡെ ഇന്നലെയാണ് അന്തരിച്ചത്.
ഭാരതീയ ജനതാ പാർട്ടിയുടെ "അബ് കി ബാർ, മോദി സർക്കാർ’, കാഡ്ബറിയുടെ "കുച്ച് ഖാസ് ഹേ’, ഏഷ്യൻ പെയിന്റ്സിന്റെ "ഹർ ഘർ കുച്ച് കെഹ്താ ഹേ’ തുടങ്ങിയ പരസ്യ പ്രചാരണങ്ങൾക്ക് പിന്നിലെ സർഗാത്മക ശക്തിയായിരുന്നു പാണ്ഡെ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഉപഭോക്താക്കളെക്കുറിച്ചുള്ള ധാരണയോടെ, പാണ്ഡെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില പ്രചാരണങ്ങൾ തയാറാക്കി, നിരവധി ബ്രാൻഡുകളെ ഇന്ത്യയിൽ മുഴുവൻ പരിചിതമാക്കി മാറ്റി. തനി നാടൻ നർമബോധവും കഥപറയാനുള്ള സ്വാഭാവികമായ കഴിവും അദ്ദേഹത്തിന്റെ പരസ്യങ്ങളെ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാക്കി. പരസ്യങ്ങൾ അദ്ദേഹത്തിന് ഇന്ത്യൻ പരസ്യങ്ങളുടെ പിതാവ് എന്ന പേര് നൽകി.
നാലു പതിറ്റാണ്ടിലേറെയായി ഒഗിൽവി ഇന്ത്യയെന്ന പരസ്യ ഏജൻസിയുടെ ഭാഗമായിരുന്ന പാണ്ഡെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പരസ്യനിർമാതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. പരസ്യരംഗം ഇംഗ്ലീഷ് ഭാഷയുടെ പിടിയിൽ അമർന്നിരുന്ന കാലത്താണ് ഇന്ത്യൻ ശൈലിയിലുള്ള പരസ്യങ്ങളുമായി പാണ്ഡെയുടെ രംഗപ്രവേശം. ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നതും ഇന്ത്യൻ പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നതുമായ പരസ്യങ്ങൾ തീർത്ത പാണ്ഡെ പരസ്യ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു.
ജയ്പുരിലാണ് പാണ്ഡെ ജനിച്ചത്. 1982ൽ 27-ാം വയസിൽ ഒഗിൽവിൽനിന്നു വിളി വരും മുന്പ് ടീ ടേസ്റ്റിംഗിലും നിർമാണ രംഗത്തും പ്രവർത്തിച്ചു. ക്രിക്കറ്റ് കളിക്കാരനുമായിരുന്നു. ക്രിക്കറ്റിൽ രഞ്ജി ട്രോഫി ലെവലിൽ വരെയെത്തിയിരുന്നു.
സാധാരണ ജനങ്ങളുടെ ഭാഷയിൽ സംസാരിച്ച് അദ്ദേഹം പരസ്യ രംഗത്തെ അടിമുടി മാറ്റി. അദ്ദേഹം തയാറാക്കിയ പരസ്യങ്ങൾ ഇന്ത്യക്കാരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായി മാറി. ജനങ്ങൾ എല്ലാക്കാലത്തും ഓർത്തുവയ്ക്കുന്ന നിരവധി പരസ്യങ്ങൾ പിയൂഷ് പാണ്ഡെയുടെ നേതൃത്വത്തിൽ പുറത്തിറങ്ങി.
ശ്രദ്ധേയമായ പരസ്യങ്ങൾ
ദേശീയോദ്ഗ്രഥന ഗാനം - മിലേ സുർ മേരാ തുംഹാര
ദേശീയോദ്ഗ്രഥനത്തെയും വൈവിധ്യത്തിൽ ഏകത്വത്തെയും പ്രോത്സാഹിപ്പിച്ചായിരുന്നു ഈ കാന്പെയ്ൻ. ഇന്ത്യയുടെ മനോഹരമായ പശ്ചാത്തലങ്ങളിൽ, വിവിധ പ്രദേശങ്ങൾ, മതങ്ങൾ, ഭാഷകൾ എന്നിവയിൽ നിന്നുള്ള പ്രമുഖരായ ഇന്ത്യൻ വ്യക്തികൾ ഒരുമിച്ച് പാടുന്നത് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ എങ്ങനെ ഒത്തുചേരാമെന്ന് കാണിക്കുന്നതിനായി സംഗീതം, ദൃശ്യങ്ങൾ, സബ്ടൈറ്റിലുകൾ എന്നിവ ഇതിൽ സംയോജിപ്പിച്ചിരുന്നു, ഇത് തലമുറകൾക്ക് ഒരു ദേശസ്നേഹ ഗാനമാക്കി മാറ്റി.
കാഡ്ബെറി ഡെയറി മിൽക്ക്- കുച്ച് ഖാസ് ഹേ
കാഡ്ബെറി ചോക്ലേറ്റ് പങ്കുവച്ചുകൊണ്ടുള്ള സന്തോഷവും ആഹ്ലാദവും ചെറിയ ആഘോഷങ്ങളുടെ വിഷയമാക്കിയാണ് ഈ പരസ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുടുംബാംഗങ്ങളും ദന്പതികളും സുഹൃത്തുക്കളും ചോക്ലേറ്റ് കൈമാറുന്നതും ഇതു കാണിച്ചുതന്നു. കാഡ്ബെറിയുടെ പരസ്യത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് വിജയാഹ്ലാദത്തിൽ ക്രിക്കറ്റ് മൈതാനത്ത് നൃത്തം ചെയ്യുന്ന കാഡ്ബെറി ഗേൾ ആയിരുന്നു.
ഫെവിക്കോൾ- ഫെവികോൾ കാ ജോഡ് ഹെ ടൂട്ടേഗ നഹി
ഫെവിക്കോൾ പശയുടെ ശക്തമായ ബന്ധനശേഷി ഈ പരസ്യങ്ങൾ ഉയർത്തിക്കാട്ടി. നർമത്തിൽ ചാലിച്ച അതിശയോക്തി കലർന്ന പരസ്യങ്ങളായിരുന്നു ഇതിലൂടെ അവതരിപ്പിച്ചത്. വീടിനു മുകളിൽനിന്നു താഴേക്കു വീണിട്ടും പൊട്ടാത്ത കോഴി മുട്ടയുടെ പരസ്യം ശ്രദ്ധേയമായി. കൂടാതെ തിങ്ങി നിറഞ്ഞ ബസിനു മുകളിലിരുന്ന് യാത്ര ചെയ്യുന്ന ആൾക്കാരുടെ പരസ്യവും.
ഏഷ്യൻ പെയിന്റ്സ്- ഹർ ഖർ കുച്ച് കെഹ്താ ഹേ
ഓരോ വീടിന്റെയും വ്യക്തിത്വത്തെയും ഓർമകളെയും പെയിന്റ് പ്രതിഫലിപ്പിക്കുന്നു എന്ന ആശയമാണ് ഇതിൽ കാണിച്ചത്. ഈ പരസ്യങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുന്ന, വീടുകൾ പുതുക്കിപ്പണിയുന്ന, പുതിയ ഓർമകൾ സൃഷ്ടിക്കുന്ന കുടുംബങ്ങളെ ചിത്രീകരിച്ചു.
പോളിയോ നിർമാർജന കാംപയിൻ-ദോ ബൂന്ദ് സിന്ദഗി കെ
പോളിയോയ്ക്കെതിരേ കുട്ടികൾക്കു വാക്സിൻ നല്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പരസ്യത്തിന്റെ ലക്ഷ്യം. ഈ പരസ്യത്തിലേക്ക് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജാക്കി ഷറോഫ്, ഐശ്വര്യ റായി എന്നിവരെ അഭിനയിപ്പിച്ചു.
2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം-അബ് കി ബാർ, മോദി സർക്കാർ’ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
വോഡഫോണ്-സൂസൂ
ഐപിഎൽ സീസണിൽ വോഡഫോണിന്റെ മൊബൈൽ, ഡാറ്റ സേവനങ്ങളെ വളരെ രസകരവും വിചിത്രവുമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ഈ പരസ്യം. സാധാരണകാര്യങ്ങൾ തമാശയും അതിശയോക്തിയും കലർന്ന രീതിയിൽ ചെയ്യുന്ന വലിയ തലകളും വെള്ള മുട്ടയുടെ ആകൃതിയിലുള്ള ശരീരവുമുള്ള കഥാപാത്രങ്ങളെയാണ് (സൂസൂ) പരസ്യത്തിൽ അവതരിപ്പിച്ചത്.
ഫെവിക്വിക്കിന്റെ 'തോഡോ നഹീം, ജോഡോ', പോഡ്സിന്റെ "ഗൂഗ്ലി വൂഗ്ലി വൂഷ്', ഹച്ചിന്റെ പരസ്യത്തിലെ പഗ്ഗ് നായ എന്നിവയും പാണ്ഡെയുടെ അവതരണങ്ങളായിരുന്നു.